തിരുവനന്തപുരം: റേഷനരി ചാക്കിൽ ലഹരിമരുന്ന് കടത്തിയ യുവാവ് പിടിയിൽ.വെഞ്ഞാറാമൂട് സ്വദേശി ദിലീപാണ് തിരുവനന്തപുരം പോലീസിന്റെ വലയിലായത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
1,200 ഗ്രാം കഞ്ചാവ്, 6 കുപ്പി ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, നാല് ലക്ഷത്തോളം രൂപ തുടങ്ങിയവയാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാന സർക്കാർ വിതരണം ചെയ്യുന്ന റേഷനരിയുടെ 11 ചാക്കും കണ്ടെടുത്തു. കഞ്ചാവും മറ്റ് മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടിയാണ് ഇയാൾ റേഷനരി കടത്തിയതെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനായി നടത്തി വരുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എംഡിഎംഎയും കഞ്ചാവുമായാണ് എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഇരുവരെയും പിടികൂടിയത്. കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ്, വിനോയ് എന്നിവരാണ് അറസ്റ്റിലായത്.
Comments