കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയുടെ വാഹനമിടിച്ച് നാല് വയസുകാരൻ മരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ടിഎംസി എംപി അബു താഹിർ ഖാൻ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കാറിന് മുന്നിലേക്ക് പെട്ടെന്നാണ് കുട്ടി കടന്നുവന്നതെന്നും തുടർന്നാണ് അപകടമുണ്ടായതെന്നും ടിഎംസി എംപി പറഞ്ഞു. അപകട സമയത്ത് എംപി കാറിനുള്ളിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബംഗാളിലെ മാൽഡയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ 35-കാരൻ മരിക്കുകയും ഭാര്യയ്ക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിലേക്ക് സർക്കാർ വാഹനമായിരുന്നു ഇടിച്ചത്. സബ് ഡിവിഷണൽ ഓഫീസറായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് ആരോപണം.
Comments