ഗാസ: പലസ്തീൻ നഗരമായ ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തമുണ്ടായെന്ന് റിപ്പോർട്ട്. അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. കൊല്ലപ്പെട്ടവരിൽ 10 കുട്ടികളും ഉൾപ്പെടുന്നു.
ഗാസയിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നാണ് ജബാലിയ. ഇവിടെ അടുക്കളയിലുണ്ടായ പാചകവാതക ചോർച്ചയാണ് അപകട കാരണമെന്നാണ് കരുതുന്നത്. ക്യാമ്പ് നടത്തുന്ന മുഴുവൻ കെട്ടിടവും അഗ്നിബാധയിൽ കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണവിധേയമാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് പ്രതികരിച്ചു. 21 പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തെ തുടർന്ന് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചതായി വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ദേശീയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിൽ ഏറ്റവുമധികമാളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലൊന്നാണ് ഗാസ. ഇവിടെ ഏകദേശം 2.3 ദശലക്ഷമാളുകൾ താമസിക്കുന്നുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഏകദേശം ആറ് ലക്ഷത്തോളം പേർ കഴിയുന്നുണ്ടെന്നാണ് കണക്ക്.
Comments