തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. എന്നാൽ ഇപ്പോഴുള്ള നിരക്ക് രീതി മാറും. രാത്രി സമയത്തെ വൈദ്യുതി ഉപയോഗത്തിന് ഇപ്പോഴുള്ള നിരക്ക് തുടരും. പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കും. ഇതിനു വേണ്ട നിർദ്ദേശം റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും ,വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും ,രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. തങ്ങൾക്ക് അതിനുള്ള അവകാശം ഇല്ല. റഗുലേറ്ററി കമ്മീഷനിൽ നിർദ്ദേശം വയ്ക്കും. അതുകഴിഞ്ഞാകും തീരുമാനം ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നിരക്കു വർദ്ധിപ്പിക്കാൻ ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തിൽ ഈ നിർദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പു മൂലം ഉപേക്ഷിക്കുകയായിരുന്നു. 20 കിലോവാട്ടിൽ കൂടുതൽ ഉപഭോഗമുള്ള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതലുള്ളവർക്കും നിലവിൽ ഇത്തരത്തിലാണു ബില്ലിംഗ്. വ്യവസായങ്ങൾക്ക് വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50% അധികനിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 25% ഇളവും ഉണ്ട്.
Comments