ലക്നൗ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പോലീസ് പിടിയിലായത്.
വാഹനപരിശോധനയ്ക്കായി വഴിയരികിൽ നിൽക്കുകയായിരുന്ന പോലീസുദ്യോഗസ്ഥർ ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രണ്ട് പേരും കടന്നുകളയുകയായിരുന്നു. ഗാസിയാബാദിലെ ഇന്ദിരപുരത്തായിരുന്നു സംഭവം. അക്രമികൾ വെടിയുതിർത്തതോടെ പോലീസ് പ്രത്യാക്രമണം നടത്തുകയും ഇരുവരെയും കീഴ്പ്പെടുത്തുകയും ചെയ്തു. ഒരാൾ ബൈക്കിന് പുറകിൽ നിന്ന് വീണു. മറ്റൊരാൾക്ക് പരിക്കേറ്റു. ഉടൻ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി മോഷണക്കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതികളാണ് രണ്ടുപേരുമെന്ന് യുപി പോലീസ് വ്യക്തമാക്കി. രണ്ടുപേർക്കുമെതിരെ ആറിലധികം കേസുകൾ നിലവിലുണ്ടെന്നും ഇന്ദിരപുരം സർക്കിൾ ഓഫീസർ സ്വതന്ത്രകുമാർ പ്രതികരിച്ചു.
Comments