സോൾ:ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനെ അമേരിക്കയുടെ പാവയെന്ന് പരിഹസിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി ചോ സോൻ ഹുയി ആണ് യുഎൻ സെക്രട്ടറി ജനറലിനെ അധിക്ഷേപിച്ചത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ അപലപിച്ചതിനും യുഎൻ സെക്രട്ടറി ജനറലിനെ അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ കാര്യങ്ങളിലും നിഷ്പക്ഷതയും വസ്തുനിഷ്ഠതയും സമത്വവും നിലനിർത്തുക എന്ന യുഎന്റെ ഉദ്ദേശ്യവും തത്വങ്ങളും,അതിന്റെ ശരിയായ ദൗത്യവും മറന്ന് യുഎൻ സെക്രട്ടറി ജനറൽ വളരെ നിന്ദ്യമായ മനോഭാവം സ്വീകരിച്ചുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി നടത്തിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
യുഎസും അതിന്റെ സഖ്യകക്ഷികളും ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കൊണ്ടുപോകുന്നത് അന്റോണിയോ ഗുട്ടറെസ് അവഗണിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.അദ്ദേഹം യുഎസിന്റെ കളിപ്പാവയാണെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നുവെന്ന് വിദോശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ രൂക്ഷമായ ഭാഷയിലാണ് അന്റോണിയോ ഗുട്ടറെസ് വിമർശിച്ചത്. പ്രകോപനപരമായ നടപടികളിൽ നിന്ന് രാജ്യം പിന്മാറാനും സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയിൽ ആണവ നിരായുധീകരണം ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾക്കും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
Comments