കോഴിക്കോട്: ആഡംബര കാറിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ നിന്നാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ്(29) ,മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ(22) എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
കർണാടക രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 35 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ മയക്കുമരുന്ന് ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവയും കണ്ടെത്തി.
മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൈജിൽ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. വാഹനത്തിൽ കറങ്ങി നടന്ന് ആവശ്യക്കാരോട് ഗൂഗിൾ പേ വഴി പണം സ്വീകരിച്ച ശേഷം മയക്കുമരുന്ന് നൽകുന്നതാണ് ഇവരുടെ രീതി. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Comments