കൊച്ചി: എറണാകുളം കളമശ്ശേരിയിൽ അർജന്റീന ഫുട്ബോൾ ടീം ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. അർജന്റീന കളിക്കാരുടെ പേരിൽ തുടങ്ങിയ ചെറിയ വാക്കുതർക്കം ഒടുവിൽ തമ്മിലടിയിലും വീട് കയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു.
ഏറ്റുമുട്ടിയവർ എല്ലാവരും അർജന്റീന ഫാൻസാണെങ്കിലും കളിക്കാരുടെ പേര് പറഞ്ഞായിരുന്നു വാക്പോര്. ഗിരീഷ് എന്ന യുവാവിനെ ഒരാൾ പിടിച്ച് തള്ളിയത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇവർ നിന്നിരുന്നയിടത്തെ ബിഗ് സ്ക്രീനിൽ കളി കണ്ടു കഴിഞ്ഞ ശേഷം ഗിരീഷ് സുഹൃത്തുക്കളുമൊത്ത്, തന്നെ പിടിച്ചുതള്ളിയ ആളുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ഗിരീഷും സംഘവും ചേർന്ന് പിടിച്ചുതള്ളിയ ആളുടെ മൂക്കിന്റെ പാലം തകർത്തുവെന്ന് പരാതിയിൽ പറയുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ അമ്മയും ഇതിനിടെ കുഴഞ്ഞ വീണു. യുവാവിനെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരുമെല്ലാം പ്രദേശവാസികളാണ്.
Comments