മലപ്പുറം: മഞ്ചേരിയിൽ കെട്ടിടത്തിനുള്ളിൽ നിന്നും 58 ലക്ഷം രൂപ പിടികൂടി. മുട്ടിപ്പാലം മേഖലയിൽ നിന്നാണ് അരക്കോടിയോളം രൂപ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായും രാത്രിസമയത്ത് നിരവധി പേർ വന്നുപോകുന്നതായും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. അരക്കോടി രൂപയോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നോട്ടെണ്ണുന്ന മെഷീൻ ഉൾപ്പെടെയാണ് കണ്ടെടുത്തത്. കൂടാതെ റസീറ്റ് ബുക്കുകൾ, കരാർ പേപ്പറുകൾ, വിവിധ രേഖകൾ എന്നിവയും പോലീസ് പിടികൂടി.
വ്യാജ വാഗ്ദാനം നൽകി പലരിൽ നിന്നായി ഫണ്ടുകൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അങ്ങാടിത്തുറ സ്വദേശിയായ മുഹമ്മദ് ഷഫീഖ്, കരിങ്കൽത്താണി സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, അരനല്ലൂർ സ്വദേശി ഷൗക്കത്തലി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. പരിശോധനയ്ക്കായി പോലീസ് എത്തിയപ്പോൾ കെട്ടിടത്തിനുള്ളിൽ നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു.
Comments