എറണാകുളം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. നോർത്ത് പറവൂർ സ്വദേശി സിജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ഒൻപതോളം കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
സിജോ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തി പരിശോധന നടത്തിയപ്പോഴായിരുന്നു ചെടികൾ കണ്ടെടുത്തത്. ടെറസിൽ പ്ലാസ്റ്റിക് ബക്കറ്റുകളിൽ മണ്ണ് നിറച്ചായിരുന്നു ഇയാൾ ചെടികൾ വെച്ചുപിടിച്ചിരുന്നത്. ഇവ തഴച്ച് വളരാൻ വെള്ളവും ജൈവവളവും ഇയാൾ നൽകിയിരുന്നു.
പൂർണ വളർച്ചയെത്തിയ നാല് ചെടികളും, അഞ്ച് ചെറിയ ചെടികളുമാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ വെട്ടി ഉണക്കാനിട്ട ചെടിയും പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യബന്ധനം, പെയിന്റിംഗ് എന്നീ ജോലികൾ ചെയ്ത് കഴിഞ്ഞുവരികയാണ് സിജോ. ഇയാൾ കഞ്ചാവ് വിറ്റിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Comments