ലോകത്തുള്ള നിരവധി ആളുകളുടെ സ്വപ്നമാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുക എന്നത്. അതിന് വേണ്ടി തന്റെ കഴിവുകളെ ഇരട്ടി ആക്കാൻ ശ്രമിക്കുന്നവരും സാഹസികതകൾ ചെയ്യുന്നവരും ഏറെയാണ്. എന്നാൽ ഇവ ഒന്നും ചെയ്യാതെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു പൂച്ച. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന റെക്കോർഡാണ് ബ്രിട്ടീഷ് പൂച്ചയായ ഫ്ലോസി നേടിയിരിക്കുന്നത്.
26 വയസും 329 ദിവസവുമാണ് ഫ്ലോസിയുടെ പ്രായം. വ്യഴാഴ്ചയാണ് ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന വേൾഡ് റെക്കോർഡ് ഫ്ലോസി സ്വന്തമാക്കിയ വിവരം അധികൃതർ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.ബ്രിട്ടീഷ് നഗരമായ ഓർപിംഗ്ടണിൽ ഉടമയായ വിക്കി ഗ്രീനിനൊപ്പമാണ് ഫ്ലോസി ഇപ്പോൾ ഉള്ളത്. പ്രായം ഏറിയതിനാൽ പൂച്ചയുടെ കാഴ്ച ശക്തിയിൽ കുറവ് വന്നിട്ടുണ്ട്. ഒപ്പം കേൾവി ശക്തിയും നഷ്ടപ്പെട്ടു. എന്നാൽ മറ്റൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും ഫ്ലോസിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
2022 ലാണ് ഫ്ലോസിയെ മുൻ ഉടമ പൂച്ചകളെ പരിപാലിക്കുന്ന സെന്ററിൽ ആക്കിയത്. ഇവിടെ നിന്നാണ് വിക്കി അവളെ ഏറ്റെടുത്തത്. ആരോഗ്യമുളള വളർത്തു മൃഗങ്ങളെയാണ് സാധാരണ ഗതിയിൽ ആളുകൾ ഏറ്റെടുക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനായാണ് വിക്കി ഫ്ലോസിയെ സ്വീകരിച്ചത്.
താൻ കണ്ടതിൽ വച്ച് ഏറ്റവും പ്രായം കൂടിയ പൂച്ചയാണ് ഫ്ലോസി. അവൾക്ക് ഇത്രയും പ്രായം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് പൂച്ചകളുടെ സംരക്ഷണ കേന്ദ്രത്തിന്റെ കോർനേറ്ററായ നവോമി റോസ്ലിംഗ് പറഞ്ഞു. വൈകല്യങ്ങൾ ഉണ്ടെങ്കിലും അവൾ കളികളിൽ ഏർപ്പെടും. ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും വിക്കി പറഞ്ഞു. അതേസമയം ഇതുവരെ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ പൂച്ച 1967 ഓഗസ്റ്റ് 3 ന് ടെക്സസിൽ ജനിച്ച ക്രീം പഫാണ്.
2005 ഓഗസ്റ്റ് 6 ന് 38 വയസിൽ ക്രീം മരിക്കുകയായിരുന്നു.
Comments