ഗാന്ധിനഗർ : പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ. അടുത്ത മാസം ഗുജറാത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥിക്കായി ബാവ്ലയിൽ പ്രധാനമന്ത്രി പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മേഖലയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിരുന്നു. ഈ നിരോധനം ലഘിച്ച മൂന്ന് പേരാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി റാലി നടത്തുന്നതിനിടെ സമീപത്തെ റോഡിൽ നിന്നും മൂവർ സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു. പിടിയിലായതിന് പിന്നാലെ ഇവർ ഡ്രോൺ താഴെ ഇറക്കി. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് ഡ്രോൺ പരിശോധിക്കുകയും മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവത്തിൽ മൂവർക്കുമെതിരെ അഹമ്മദാബാദ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മൂവർക്കും ക്രിമിനൽ പശ്ചാത്തലം ഒന്നും തന്നെ ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ ഇവർക്ക് ബന്ധം ഇല്ല.ഡ്രോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.
അതേസമയം ഡ്രോൺ പറത്തിയ ഇടം നിരോധിത മേഖലയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്ന് മൂവരും വ്യക്തമാക്കി.
Comments