എറണാകുളം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്ത് കോടതി. പ്രളയ ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്നാണ് എറണാകുളം മുൻസിഫ് കോടതി വാഹനം ജപ്തി ചെയ്തത്. കടമക്കുടി സ്വദേശി കെ.പി സാജുവിന്റെ പരാതിയിലാണ് നടപടി.
2018 ലുണ്ടായ പ്രളയത്തിൽ സാജുവിന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വീട്ടിൽ എത്തി നഷ്ടം കണക്കാക്കിയ അധികൃതർ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞായിരുന്നു മടങ്ങിയത്. എന്ന് വർഷം നാല് കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസമായി 2, 10,000 രൂപ നൽകാൻ ലോക് അദാലത്ത് ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ല. ഇതേ തുടർന്നായിരുന്നു നീതി തേടി സാജു കോടതിയെ സമീപിച്ചത്.
സാജുവിന്റെ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണ് അധികൃതർ വാഹനം ജപ്തി ചെയ്തത്. കളക്ട്രേറ്റിൽ നേരിട്ട് എത്തിയായിരുന്നു അധികൃതർ വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്.
Comments