ഗുരുവായൂർ: ഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു. പാപ്പാനെ തട്ടിയിടാൻ ആന ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ 10ാം തിയതിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ഒരു ദമ്പതികൾ ആനയുടെ മുന്നിലേക്ക് എത്തിയിരുന്നു.
തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുക്കുകയായിരുന്നു. ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്. ഇതോടെ പാപ്പാൻ ഊർന്നു താഴേക്കു വീഴുന്നു. തൊട്ടടുത്ത നിമിഷം തന്നെ പാപ്പാൻ ഓടി രക്ഷപെടുന്നതായും കാണാം. ദമ്പതികളും തൊട്ടടുത്ത നിമിഷം തന്നെ ആനയുടെ മുന്നില് ഓടിരക്ഷപെടുന്നത് കാണാം
ഇതിന് ശേഷം ആന വലിയ പ്രകോപനം ഉണ്ടാക്കിയില്ലെന്നാണ് വിവരം. ആനയുടെ മുകളിലും ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ആനയെ തളയ്ക്കാനും കഴിഞ്ഞു. 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആനയുടെ മുന്നിലൊക്കെ നിന്ന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments