ന്യൂഡൽഹി : 21 കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ യൂട്യൂബർമാരായ ദമ്പതിമാർക്കെതിരെ കേസ്. 80 ലക്ഷം രൂപയാണ് ദമ്പതിമാർ ഇയാളിൽ നിന്ന് തട്ടിയെടുത്തത്. ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പരസ്യ ഏജൻസി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്.
ജോലിയുമായി ബന്ധപ്പെട്ടാണ് ഡൽഹിയിലെ ഷാലിമാർബാഗ് നിവാസിയായ നാംറ ഖാദിർ എന്ന യുവതിയുമായി ഇയാൾ പരിചയപ്പെടുന്നത്. പരിചയം സ്ഥാപിച്ചതിന് പിന്നാലെ സംസാരിക്കാൻ വേണ്ടി നക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്ന് മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി അന്ന് യുവതിക്ക് രണ്ടര ലക്ഷം രൂപ നൽകി. തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ യുവതി വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.
പിന്നാലെ ഇവർ സുഹൃത്തുക്കളായി. ദമ്പതിമാർക്കൊപ്പം യുവാവ് ഏറെ രാത്രികൾ ചിലവഴിച്ചു. എന്നാൽ അവർ തന്റെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. പലപ്പോഴായി 80 ലക്ഷത്തോളം രൂപ ഇവർ കൈക്കലാക്കി. പോലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗ പരാതി നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തി എന്നും യുവാവിന്റെ പരാതിയിലുണ്ട്.
ദമ്പതിമാർക്കെതിരെ ഓഗസ്റ്റിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇവർ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അതിനാൽ അറസ്റ്റ് നടന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.
Comments