ഖത്തർ : ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരെ വൻതോതിലുള്ള പ്രതിഷേധമാണ് എങ്ങും ഉയരുന്നത്. ഇതിനിടെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലും ആരാധകർ എത്തിയത് സഞ്ജുവിനെ പിന്തുണയ്ക്കുന്ന ബാനറുമായാണ്.
ഇന്ത്യൻ ടീമിന്റേയും രാജസ്ഥാൻ റോയൽസിന്റെയും ജേഴ്സിയിൽ നിൽക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങൾക്കു താഴെ ‘സഞ്ജു സാംസൺ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽ നിന്നും ഒരുപാട് സ്നേഹത്തോടെ’ എന്ന് എഴുതിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ആദ്യ ഏകദിനത്തിൽ നല്ല പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ രണ്ടാം മത്സരത്തിൽ അധികൃതർ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വലിയ രീതിയിലൂള്ള പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഇതിനിടെ രണ്ടാം ഏകദിനത്തിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്താനുണ്ടായ കാരണം വെളിപ്പെടുത്തി ശിഖർ ധവാൻ രംഗത്ത് വന്നിരുന്നു. താരങ്ങൾക്ക് കുറച്ച് ദിവസം വിശ്രമം നൽകുകയാണ്. ഒരു ആറാം ബൗളർ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും. യുവതാരങ്ങൾക്ക് മികച്ച അവസരമാണ് ന്യൂസിലൻഡ് പര്യടനം എന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Comments