മുണ്ടക്കയം: സേവാഭാരതിയുടെ പ്രവർത്തനം നിസ്തുലമാണെന്നും അവരെ മലയാളികൾക്ക് മറക്കാൻ പറ്റില്ല എന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ത്യാഗനിർഭരമായ പ്രവർത്തനങ്ങളാണ് സേവാഭാരതി നാനാഭാഗത്തും നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അയ്യപ്പ സേവാ കേന്ദ്രം മുണ്ടക്കയത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
‘ശബരിമല തീർത്ഥാടന കാലത്ത് എല്ലാ സൗകര്യങ്ങളും നല്ല രീതിയിൽ ഒരുക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിനപ്പുറം എടുത്ത് പറയേണ്ടത് ചില സന്നദ്ധസംഘടനകളെ കുറിച്ചാണ്. സേവാഭാരതി, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം എന്നിങ്ങനെയുള്ള സംഘടനകൾ നടത്തുന്ന പ്രവർത്തനം നിസ്തുലമാണ്’.
‘അന്നധാനം, വിരി വെയ്‌ക്കാനുള്ള സൗകര്യം, അയ്യപ്പ ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഔദ്യോദികമായി നിർവ്വഹിക്കാൻ പൂർണ്ണമായും സാധിക്കില്ല. എന്നാൽ ഇതെല്ലാം ഏറ്റെടുക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിലും സേവാഭാരതിയുണ്ട്. കൂട്ടിക്കൽ പ്രളയകാലത്തൊക്കെ സേവാഭാരതി നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതും, വീടുകൾ വെച്ചു നൽകിയതും, അറ്റകുറ്റ പണികൾ പൂർത്തിയാക്കിയതും എല്ലാം സേവാഭാരതി ത്യാഗനിർഭരമായി നടത്തിയ പ്രവർത്തനങ്ങളാണ്. ഇതെല്ലാം അടുത്തു നിന്ന് നോക്കി കാണാൻ കഴിഞ്ഞ ഒരു ജനപ്രതിനിധിയാണ് താൻ’ എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
Comments