വാഷിംഗ്ടൺ : അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു . തെലങ്കാന സ്വദേശികളായ ഉതേജ് കുന്ത (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസോറിയിലെ ഒസാർക്ക് തടാകത്തിൽ മുങ്ങി മരിച്ചത്. ഇരുവരും മിസോറിയിലെ സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.
ശനിയാഴ്ചയാണ് ഇരുവരും ചേർന്ന് തടാകത്തിൽ കുളിക്കുന്നതിനായി പോയത്. ആദ്യം ഉതേജാണ് വെള്ളത്തിലേക്ക് ഇറങ്ങിയത്. പിന്നാലെ അപകടത്തിൽപ്പെട്ട ഉതേജിനെ രക്ഷിക്കാൻ ശിവയും തടാകത്തിലേക്ക് ചാടി. എന്നാൽ ശിവയും അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഉതേജിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ചയാണ് ശിവയുടെ മൃതദേഹം ലഭിച്ചത്.
രണ്ടു പേരും എയർബി എൻബിയിലാണ് താമസിച്ചിരുന്നത്. നിലവിളി ശബ്ദം കേട്ട് തങ്ങൾ രക്ഷാപ്രവർത്തകരെ വിളിക്കുകയായിരുന്നെന്ന് ജീവനക്കാരൻ പറഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് തന്റെ സഹോദരൻ തടാകത്തിലേക്ക് ചാടി അവരെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു ട്വീറ്റ് ചെയ്തു.
Comments