കോട്ടയം: നഗരത്തിൽ വിദ്യാർത്ഥിനിയ്ക്കും സുഹൃത്തിനും നേരെ ആക്രമണം. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥിനിയും സുഹൃത്തും ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. ഇവരുടെ സുഹൃത്ത് അപകടം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സുഹൃത്തിനെ കണ്ട ശേഷം അടുത്തുള്ള ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു. ഇതിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറി. ഇത് പെൺകുട്ടിയും സുഹൃത്തും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം ഇരുവരെയും മർദ്ദിക്കുകയായിരുന്നു.
റോഡിലൂടെ വലിച്ചിഴച്ച് ആയിരുന്നു മർദ്ദനം. സംഭവം കണ്ട നാട്ടുകാർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തു. താഴത്തങ്ങാടി സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Comments