കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട . ഉംറ തീർത്ഥാടകൻ ഉൾപ്പടെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടി.കസർകോഡ് ,കോഴിക്കോട് ,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത് .
ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് വന്ന കസർകോഡ് സ്വദേശി അബ്ദുൽ സലാം രണ്ട് ക്യാപ്സ്യുളുകളാക്കി 374 ഗ്രാം സ്വർണ മിശ്രിതമാണ് കടത്താൻ ശ്രമിച്ചത്.ജിദ്ദയിൽ നിന്ന് വന്ന ഉംറ തീർത്ഥാടകനായ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൽ ശരീഫ്1059 ഗ്രാം സ്വർണ മിശ്രിതം 4 ക്യാപ്സ്യുളുകളാക്കിയും ,റിയാദിൽ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് 1069 ഗ്രാം സ്വർണ മിശ്രിതം 4 ക്യാപ്സ്യുൾ ആക്കിയും ആണ് കടത്താൻ ശ്രമിച്ചത് . മൂന്ന് പേരും ശരീരത്തിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് 41 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. സംഭവത്തിൽ 767 ഗ്രാം സ്വർണ മിശ്രിതവുമായി ബഹ്റൈനിൽ നിന്നും വന്ന കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീൻ പോലീസ് പിടിയിലായി .ഇയാളിൽ നിന്ന് സ്വർണ്ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് , സിയാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments