തിരുനവനന്തപുരം: വിവാഹ മോചിതരായ ദമ്പതിമാർക്ക് വിവാഹ രജിസ്ട്രേഷൻ ചെയ്ത് നൽകി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹം മോചിതരായി 15 വർഷം പിന്നിട്ട ശേഷമാണ് വിവാഹം രജിസ്റ്റർ ചെയ്ത് നൽകിയത്. 19 വർഷം മുൻപ് നടന്ന വിവാഹത്തിന്റെ രജിസ്ട്രേഷനാണ് ഇപ്പോൾ നടന്നത്.
2003-ൽ വിവാഹിതരായ ദമ്പതിമാർ 2007-ൽ വിവാഹമോചിതരായിരുന്നു. സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹ മോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രത്യേക നിർദേശത്തിൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ തീരുമാനമായത്.
നിലവിലെ ചട്ടത്തിലോ നിയമത്തിലോ ദമ്പതിമാരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വിവാഹമോചനത്തിന് ശേഷം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെക്കുറിച്ച് പരാമർശമില്ല. സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്. വിവാഹ മോചിതയായ അപേക്ഷകയ്ക്ക് തുടർ ജീവിതത്തിന് പിതാവിന്റെ കുടുംബ പെൻഷൻ സഹായകരമാണെന്ന് പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
Comments