ന്യൂഡൽഹി : 2023 ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു . പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഉച്ചകോടി രാജ്യത്തിന് പുതിയ ദിശാ ബോധം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . വസുധൈവ കുടുംബകം എന്നതാണ് ഭാരതത്തിലെ ജി 20 ഉച്ചകോടിയുടെ ആശയം.
2023 ലെ ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി ഇന്ന് മുതലാണ് ആരംഭിച്ചത് .കഴിഞ്ഞ മാസം ബാലിയിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യോനേഷ്യ പ്രസിഡന്റ് ജോകോ വിഡോഡോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബാറ്റ് ഏറ്റുവാങ്ങിയിരുന്നു . ഔദ്യോഗികമായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഇന്ന് മുതൽ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ സജീവമാകും . ഉച്ചകോടി ഇന്ത്യക്ക് പുതിയ ദിശാ ബോധവും ,അവസരങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു .
ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കാനുമാണ് ഇന്ത്യയുടെ ലക്ഷ്യം. എല്ലാ ചർച്ചകളും ലോക സമാധാനവും നന്മയും ലക്ഷ്യം വച്ചുകൊണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ തുടങ്ങിയ വെല്ലുവിളികളെ നമ്മുക്ക് ഒരുമിച്ച് നേരിടാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .വസുധൈവ കുടുംബകം എന്നതാണ് ഭാരതത്തിലെ ജി 20 ഉച്ചകോടിയുടെ ആശയം . ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ഈ മാസം അഞ്ചിന് കേന്ദ്ര സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുണ്ട് .
Comments