ന്യൂഡൽഹി: ആഗോള തലത്തിൽ സാമ്പത്തിക, വികസന വെല്ലുവിളികളെ തരണം ചെയ്യാൻ രാജ്യം സുസജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യ ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമാണിതെന്നും അതിനാൽ ഏറെ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്കും ദുർബല വിഭാഗത്തിനുമാകും മുൻഗണനയെന്നും അവർക്കായുള്ള പ്രവർത്തനങ്ങളിൽ ലോക നേതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങളിൽ ഈ രാജ്യങ്ങൾ ഏറെ ആശങ്കാകുലരാണെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയതെങ്ങനെയെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ യൂണിവേഴ്സിറ്റി കണക്ട് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രവും നേട്ടങ്ങളും ലോകത്തെ അറിയിക്കാനുള്ള സുപ്രധാന അവസരമായി ജി20 അദ്ധ്യക്ഷ പദവിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Comments