തൃശൂർ: ഓൺലൈൻ സിനിമാ ബുക്കിങ് സൈറ്റുകളുടെ പകൽക്കൊള്ളയ്‌ക്കെതിരെ ബദൽ സംവിധാനവുമായി തിയേറ്റർ ഉടമ. സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ വാട്‌സ്ആപ്പ് സംവിധാനമാണ് ഗിരിജാ തിയേറ്റർ ഉടമ കൊണ്ടുവന്നത്. പുതിയ രീതി പരീക്ഷിച്ച തിയേറ്ററിനെ ഇപ്പോൾ ബുക്കിങ് സൈറ്റുകൾ വിലക്കിയിരിക്കുകയാണ്.
കമ്മീഷൻ വാങ്ങാതെയാണ് വാട്‌സ്ആപ്പ് വഴി ബുക്കിങ് സ്വീകരിക്കുന്നത്. സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വലിയൊരു ശതമാനം തുക കമ്മീഷനായി നൽകേണ്ടി വരുന്നുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ സഹായിക്കാനാണ് ബദൽ സംവിധാനം കൊണ്ടുവന്നതെന്ന് തിയേറ്റർ ഉടമ പ്രതികരിച്ചു. ബുക്കിങ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും തിയേറ്റർ ഉടമ കൂട്ടിച്ചേർത്തു.
ടിക്കറ്റ് ചാർജിന് പുറമെയുള്ള ബുക്കിങ് ചാർജ് എങ്ങനെ ഒഴിവാക്കുമെന്ന് പലരും അന്വേഷിച്ചിരുന്നുവെന്നും പുതിയ രീതി ഒട്ടേറെ പേർക്കാണ് സഹായമായിരിക്കുന്നതെന്നും ഉടമ ഡോക്ടർ ഗിരിജ ചൂണ്ടിക്കാണിക്കുന്നു. ഭീഷണി വിലപോവില്ലെന്നും വാട്‌സ്ആപ്പ് വഴി ബുക്കിങ് തുടരുമെന്നും അവർ വ്യക്തമാക്കി.
Comments