അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 59.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 89 നിയമസഭാ സീറ്റുകളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ചില പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും താപാൽ ബാലറ്റുകൾ ഉൾപ്പെടുന്നതിനാലും ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ അന്തിമമല്ലെന്ന് അധികൃതർ അറിയിച്ചു.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെ 14,382 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമായിരുന്നു. താപി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 72.32 ശതമാനം പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 68.09 ശതമാനം പോളിങ് രേഖപ്പെടുത്തിയ നർമദ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സൗരാഷ്‌ട്ര മേഖലയിലെ ഭാവ്നഗറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, വൈകുന്നേരം 5 മണി വരെ 51.34 ശതമാനമാ.യിരുന്നു പോളിംഗ്. നവസാരി (65.91 ശതമാനം), ഡാംഗ് (64.84 ശതമാനം), വൽസാദ് (62.46 ശതമാനം), ഗിർ സോമനാഥ് (60.46 ശതമാനം) എന്നീ ജില്ലകളിലും 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.
വൻസ്ദ മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പിയൂഷ് പട്ടേലിന് നേരെ ഝാരി മേഖലയിൽ ആക്രമണം ഉണ്ടായി. സംഭവത്തിൽ അഞ്ചോളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി നവസാരി എസ്പി ഗിരീഷ് പാണ്ഡ്യ പറഞ്ഞു. പരിക്കേറ്റ പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വോട്ടെടുപ്പ് നടന്ന് 89 മണ്ഡലങ്ങളിൽ 48 എണ്ണം 2017-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയതാണ്. 40 സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. ഡിസംബർ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക.
Comments