ഇടുക്കി: കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ഗോത്ര വർഗ്ഗ കമ്മീഷൻ ഉത്തരവിട്ടു. ഉപ്പുതറ സ്വദേശി സരുൺ സജിയെയാണ് കാട്ടിറച്ചി കടത്തിയെന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത്.
കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവുമാണ് സരുണിനെ കള്ളക്കേസിൽ കുടുക്കിയത്. സരുണിനെതിരെ എടുത്ത കേസ് വ്യാജമാണെന്ന് വ്യക്തമായതോടെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസ് എടുത്ത് നിയമ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ക്രിമിനൽ കേസ് എടുക്കാനാണ് നിർദ്ദേശം. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ് എടുക്കുക. തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടണ്ട്. സെപ്തംബർ 20 നായിരുന്നു സരുണിനെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി വിറ്റുവെന്ന പേരിൽ അറസ്റ്റ് ചെയ്തത്.
Comments