അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഗുജറാത്തിലെ ബിജെപി കേരളാ സെൽ. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ ബിജെപിക്ക് വേണ്ടി വോട്ട് തേടി ഇറങ്ങുകയാണ് മലയാളികൾ. ഗുജറാത്തിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവും ഇല്ലെന്നും, കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കുമെന്നും ഉറപ്പിച്ച് പറയുകയാണ് ഗുജറാത്തിലെ മലയാളി സമൂഹം.
‘ഗുജറാത്തിൽ മലയാളി സമൂഹം സുരക്ഷിതരാണ്. ഒരോ ദിവസവും വികസനത്തിൽ ഗുജറാത്ത് മുന്നേറുകയാണ്. പിന്നെ എന്തിന് ജനങ്ങൾ ബിജെപിയ്ക്കെതിരെ ചിന്തിക്കണം. 27 വർഷമായിട്ടും ഇവിടെ ഭരണവിരുദ്ധ വികാരമില്ല. 130 ലധികം സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ’ എന്ന് മലയാളികൾ ജനം ടിവിയോട് പ്രതികരിച്ചു. ഗുജറാത്ത് മോഡലിനെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കാത്തിനെയും ഇവർ വിമർശിച്ചു.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
‘നല്ലതിനെ അല്ലേലും കേരളം അംഗീകരിക്കാറില്ല. ഉത്തരേന്ത്യ എന്ന് പറഞ്ഞ് കളിയാക്കുന്ന കേരളീയർ വികസനം കാണണമെങ്കിൽ ഗുജറാത്തിൽ തന്നെ വരണം’. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഗുജറാത്ത് സർക്കാരിനെ കണ്ടു പഠിക്കണമെന്ന് ഗുജറാത്തിലെ മലയാളി വനിതകളും പ്രതികരിച്ചു. ‘സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനമാണ് ഗുജറാത്തിൽ താമസിക്കുമ്പോൾ ലഭിക്കുന്നത്. വളരെ സുരക്ഷിതമാണ്, ഏത് സമയത്തും ഇവിടെ യാത്ര ചെയ്യാം. കേരളത്തിലേത് പോലെ ഭയപ്പെടേണ്ട ആവശ്യമില്ല’ എന്നും സ്ത്രീകൾ തുറന്നു പറഞ്ഞു.
Comments