ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചുള്ള
കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. എംആർടി മ്യൂസിക് അവരുടെ അഭിഭാഷകൻ എം.പ്രണവ് കുമാർ മുഖേന സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
നവംബർ 8-ലെ ഉത്തരവിൽ ഹൈക്കോടതി ചുമത്തിയ വ്യവസ്ഥകൾ പ്രതികൾ മനഃപൂർവം അനുസരിക്കാതെ പോവുകയാണെന്ന് കമ്പനി ആരോപിച്ചു. കേസ് നൽകിയതിന് പിന്നാലെ അടുത്ത വാദം കേൾക്കുന്നത് വരെ കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്ക് ചെയ്യാൻ ട്രയൽ കോടതി ട്വിറ്ററിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്.
ആഗോളതലത്തിൽ വലിയ പ്രശസ്തി നേടിയ ഗാനമാണ് സിനിമയിലേത് എന്നും, അനുമതിയില്ലാതെയാണ് ചിത്രത്തിലെ ഗാനം ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് മാനേജർ എം.നവീൻ കുമാർ ആണ് പരാതി നൽകിയത്. പകർപ്പവകാശ നിയമം, ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
Comments