ന്യൂഡൽഹി : യുഎസും ഇന്ത്യയും തമ്മിലുള്ള കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്ന് അമേരിക്ക. ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തെ ചൈന എതിർത്തതിന് പിന്നാലെയാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്ന് അമേരിക്കയിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥയായ എലിസബത്ത് ജോൺസ് പറഞ്ഞു.
പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് അമേരിക്ക പൂർണ പിന്തുണ നൽകും. അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം (എൽഎസി) നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനെതിരായ ചൈനയുടെ എതിർപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയും നിരസിച്ചിരുന്നു. ഇന്ത്യ ഏത് രാജ്യത്തോടൊപ്പം വേണമെങ്കിലും പ്രവർത്തിക്കുമെന്നും ഇതിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാൻ അവസരം നൽകില്ലെന്നുമാണ് രാജ്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്. എൽഎസിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലെ ഔലിയിലാണ് പരിശീലനം നടത്തുന്നത്.
ഈ സൈനികാഭ്യാസങ്ങൾക്ക് ചൈനയുമായുള്ള 1993ലെയും 1996ലെയും കരാറുകളുമായി യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലും സമീപ പ്രദേശങ്ങളിലും സമാധാനം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ കരാർ. എന്നാലിത് ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Comments