കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അരയിൽ തോർത്തുകെട്ടി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശി സമദിനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം ഉപേക്ഷിക്കാൻ തുടങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു.
ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റിലാണ് യാത്രക്കാരൻ എത്തിയത്. കരിപ്പൂരിലിറങ്ങേണ്ട വിമാനം ചില സാങ്കേതിക തകരാർ മൂലം കൊച്ചിയിൽ ലാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് യാത്രക്കാരന്റെ ശരീരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്.
1,650 ഗ്രാം സ്വർണമായിരുന്നു സമദിന്റെ അരയിൽ ഒളിപ്പിച്ചിരുന്നത്. കരിപ്പൂരിൽ ഇറങ്ങി സ്വർണം പുറത്ത് എത്തിക്കാനായിരുന്നു നീക്കം. എന്നാൽ വിമാനം കൊച്ചിയിൽ ഇറങ്ങിയതോടെ പദ്ധതി പാളുകയായിരുന്നു. സ്വർണം കണ്ടെത്തിയതോടെ കസ്റ്റംസ് സമദിനെതിരെ കേസെടുത്തിട്ടുണ്ട്.
Comments