അപകടത്തിൽ മകൻ നഷ്ടപ്പെട്ട 54 കാരി ഇരട്ടക്കുട്ടികളുടെ അമ്മയായി. തപൻ ദത്ത- രൂപ ദത്ത എന്നീ ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. തപൻ ദത്തയ്ക്ക് 70 വയസാണ് പ്രായം. ഈ കുടുംബം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
2019 ലാണ് ഇവരുടെ ഏക മകനായ അനിന്ദ്യ അപകടത്തിൽ മരിച്ചത്. ഈ സംഭവം മാതാപിതാക്കളെ മാനസികമായി തളർത്തി. തുടർന്ന് ഏറെ കാലം ഒറ്റയ്ക്ക് താമസിച്ചതോടെയാണ് ഏകാന്തതയ്ക്ക് പരിഹാരമായി ഇരുവരും ഒരു കുഞ്ഞിന് കൂടി ജന്മം നൽകാൻ തീരുമാനിച്ചത്. എന്നാൽ അവിടെ ആരോഗ്യപ്രശ്നങ്ങൾ വില്ലനായി. നിരവധി ഡോക്ടർമാരെ സമീപിക്കുകയും ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് ഇവർ നിർണായക തീരുമാനം സ്വീകരിച്ചത്.
ഹൗറയിലുള്ള ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സകൾ ആരംഭിച്ചു. എന്നാൽ പ്രസവ സമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ ഡോക്ടർ കൈയ്യൊഴിയുകയായിരുന്നു. ഇതോടെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് രൂപയെ മാറ്റി. അവിടെ വെച്ചാണ് ഇവർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒക്ടോബറിലാണ് ഇവർക്ക് ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ജനിച്ചത്.
പ്രസവശേഷം ഇവർ അശോക് നഗറിലുള്ള വീട്ടിലേക്ക് കുഞ്ഞുങ്ങളുമായി എത്തി. ദമ്പതികളെ ഇരുകൈയ്യും നീട്ടിയാണ് അയൽക്കാരും നാട്ടുകാരും സ്വീകരിച്ചത്.
Comments