പാലക്കാട്: മലബാര്‍ ബ്രാണ്ടി എന്ന പേരിൽ കേരള സർക്കാർ പുതിയ ബ്രാൻഡി നിർമ്മിക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ് പാലക്കാട് ചിറ്റൂരിലെ നാട്ടുകാർ. ഭൂഗർഭജലനിരപ്പ് അപകടരമായ നിലയിൽ താഴ്ന്ന പ്രദേശത്ത് മദ്യ നിർമ്മാണ ശാല ആരംഭിച്ചാൽ മറ്റൊരു പ്ലാച്ചിമട ആവർത്തിക്കുമെന്നാണ് ശങ്ക. പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാർ ജനം ടിവിയോട് പ്രതികരിച്ചു.
‘വെള്ളമാണ് സ്ഥലത്തെ പ്രധാന പ്രശ്‌നം. നാട്ടുകാർക്ക് അത്യാവശ്യവും കുടിവെള്ളം തന്നെ. മുന്നൂറിലധികം വീടുകൾ പ്രദേശത്തുണ്ട്. ഞങ്ങൾക്ക് ഇവിടെ ഒരു ഫാക്ടറി വന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കമ്പനി വന്നാൽ കിണറ്റിലെ വെള്ളമടക്കം മലിനമാകും. ഈ ഒരു ഫാക്ടറി ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നല്ല. വീട്ടിലെ ആവശ്യത്തിന് ഒരു കുടം വെള്ളം എടുക്കണമെങ്കിൽ അര മണിക്കൂർ കാത്തിരിക്കണം. ഫാക്ടറി കൂടി പ്രവർത്തനം ആരംഭിച്ചാൽ അതും നിൽക്കും. ജോലി തന്നതു കൊണ്ട് മാത്രം വെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടില്ല’ എന്ന് നാട്ടുകാർ പ്രതികരിച്ചു.
ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസ് എന്ന പൂട്ടിപോയ ഷുഗർ ഫാക്ടറിയിലാണ് മലബാർ ബ്രാൻഡി എന്ന പുതിയ മദ്യം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നത്. വേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിനൊപ്പം, ജലം ഊറ്റിയെടുക്കുന്ന പദ്ധതികൂടി വരുമ്പോൾ പ്രദേശം മരുഭൂമി പോലെയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. വില കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാര്‍ ബ്രാന്‍ഡിയുടെ നിര്‍മ്മാണം. ഫാക്ടറിയുടെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തുടങ്ങും. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
Comments