ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ജി-20യുടെ അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തിന്റെ ആത്മവിശ്വാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ഇന്ത്യ ജി 20 യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. സമാധാനവും കൂടുതൽ സുസ്ഥിരമായ ലോകവും കെട്ടിപ്പടുക്കുന്നതിനായി എന്റെ സുഹൃത്ത് നരേന്ദ്ര മോദി ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നായിരുന്നു ട്വീറ്റ്.
അടുത്ത ഒരു വർഷത്തേക്കാണ് ജി 20 കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചത്. 2023 സെപ്തംബർ 9 നും 10 നും ഡൽഹിയിലാണ് ഉച്ചകോടി നടക്കുക. അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി വിദേശീയർ രംഗത്തെത്തിയിരുന്നു.
ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. നയതന്ത്രവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള വിഷയങ്ങളിലെ സമ്മർദ്ദകരമായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞത്.
Comments