ലഖ്നൗ: വിവാഹ വേദിയിൽ വധു കുഴഞ്ഞു വീണ് മരിച്ചു. ലഖ്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപത് വയസ്സുകാരിയായ ശിവാംഗിയാണ് മരിച്ചത്.
വിവാഹ ചടങ്ങുകളുടെ ഭാഗമായി ഹാരം കൈമാറുമ്പോഴായിരുന്നു ശിവാംഗി കുഴഞ്ഞു വീണത്. വിവാഹ വേദിയിലേക്ക് കടന്നു വന്ന ശിവാംഗി ചടങ്ങുകൾ അനുസരിച്ച് വരൻ വിവേകിന് മാല ചാർത്തി. പെട്ടെന്ന് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
പരിഭ്രാന്ത്രരായ ബന്ധുക്കളും വരനും ചേർന്ന് യുവതിയെ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്നും ഉടൻ കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ പോലീസ് സംഭവത്തിൽ കേസെടുത്തു. നിലവിൽ പോലീസ് ശിവാംഗിയുടെ ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്ന് മലിഹാബാദ് എസ് എച്ച് ഒ സുഭാഷ് ചന്ദ്ര സരോജിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Comments