സോൾ ; ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവുകളെക്കുറിച്ച് പലപ്പോഴും ലോകം ചർച്ച ചെയ്യാറുണ്ട്. ഇപ്പോൾ കുട്ടികളുടെ പേരുകൾ സംബന്ധിച്ച ഉത്തരവ് കിം ജോങ് ഉൻ പുറത്തിറക്കിയിരിക്കുകയാണ്. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അർത്ഥമുള്ള പേരുകളും നിശ്ചയിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ അതിലോലമായതിനുപകരം ശക്തമായിരിക്കണം, ദേശസ്നേഹത്തിന്റെ നേർക്കാഴ്ച നൽകുന്നതാകണം പേരുകൾ തുടങ്ങിയ നിർദേശങ്ങളും കിം ജോങ് ഉൻ നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് ചോങ് ഇൽ (തോക്ക്), ചുങ് സിം (ലോയൽറ്റി), പോക്ക് ഇൽ (ബോംബ്), ഉയി സോങ് (സാറ്റലൈറ്റ്) തുടങ്ങിയ പേരുകൾ നൽകാനാണ് ഉത്തരവ്. അവ – ദേശഭക്തി പേരുകൾ ആണത്രേ . ഇതോടൊപ്പം, ദക്ഷിണ കൊറിയയിലെ പ്രചാരത്തിലുള്ള പേരുകളായ ഏ റി (സ്നേഹിക്കുന്നവൻ), സു മി (സൂപ്പർ ബ്യൂട്ടി) എന്നിങ്ങനെയുള്ള സ്നേഹം, സൗന്ദര്യം തുടങ്ങിയ വികാരങ്ങളുടെ പര്യായമായ പേരുകൾ മാറ്റാനും ഉത്തരവുകൾ നൽകിയിട്ടുണ്ട്. കിം ജോങ് പറയുന്നതനുസരിച്ച്, ഈ പേരുകൾ പാശ്ചാത്യ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
നവംബർ മുതൽ, ഉത്തരകൊറിയയിലെ താമസക്കാർക്ക് അവരുടെ പേരുകൾ മാറ്റാൻ തുടർച്ചയായി നോട്ടീസ് നൽകുന്നുണ്ട്. തങ്ങളുടെ പേരുകൾ മാറ്റാൻ പൗരന്മാർക്ക് ഈ വർഷം അവസാനം വരെ സമയം നൽകിയിട്ടുണ്ട്. ഇതുമാത്രമല്ല, തന്റെ പേരിന്റെ അവസാനഭാഗത്തോട് രാഷ്‌ട്രീയ സന്ദേശം നൽകുന്ന എന്തെങ്കിലും ഒരു ഭാഗം കൂടി ചേർക്കുകയും വേണം. ഉത്തരകൊറിയയിലെ ഭൂരിഭാഗം ആളുകളും ഈ ഉത്തരവിൽ അതൃപ്തരാണ്. എന്നാൽ കിം ജോങിനെ ചോദ്യം ചെയ്യാനാകാതെ ഭയന്ന് ജീവിക്കുകയാണ് ജനങ്ങൾ.
ഈ ഉത്തരവിൽ രോഷാകുലരായ രക്ഷിതാക്കൾ പറയുന്നത് ക്രൂരത അതിന്റെ പാരമ്യത്തിലെത്തി എന്നാണ്.ജീൻസ് മുതൽ ലെതർ ജാക്കറ്റുകൾ വരെ ഉത്തര കൊറിയയിൽ നിരോധിച്ചിട്ടുണ്ട് . മുടി ചായം പൂശുന്നതും പാശ്ചാത്യ ബ്രാൻഡഡ് ഷർട്ടുകൾ ധരിക്കുന്നതും പോലും നിരോധിച്ചിരിക്കുന്നു.
Comments