എറണാകുളം: മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ബാബുവിനും മാതാവിനും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. നിർമ്മല കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ബാബുവുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. എഐഎസ്എഫ് പ്രവർത്തകരെ സംരക്ഷിക്കുന്നത് ബാബുവാണെന്ന് തുടക്കം മുതൽ ആരോപണം ഉണ്ടായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കോളേജിലുണ്ടായ സംഘർഷത്തിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments