അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന. ഡ്രോണിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 2.4 കിലോഗ്രാം ഹെറോയിനും സുരക്ഷാ സേന പിടിച്ചെടുത്തു. പഞ്ചാബ് അതിർത്തിയിലെ ടാൺ ടരൺ ജില്ലയിലാണ് സംഭവം.
പാക് അതിർത്തിയിൽ നിന്നും ഉഗ്ര ശബ്ദത്തോടെ ഇന്ത്യൻ അതിർത്തി കടക്കുന്നതിനിടയിൽ ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രദേശം വളഞ്ഞതിന് ശേഷമാണ് വെടിവെച്ചിട്ടത്.പോലീസും മറ്റ് സുരക്ഷാ ഏജൻസികളും സംഭവ സ്ഥലത്തെത്തിയിരുന്നു.
3 റേഡിയം മെറ്റൽ സ്ട്രിപ്പുകൾ ഉപയോഗിച്ച് മഞ്ഞ നിറത്തിലുള്ള പോളിത്തീൻ ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിൻ ശേഖരം കണ്ടെടുത്തത്. നിരോധിത വസ്തുക്കൾക്കൊപ്പം ക്വാഡ്കോപ്റ്റർ ഡ്രോണും ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
നേരത്തെ അമൃത്സറിൽ പാക് ഡ്രോണിൽ നിന്നും രണ്ട് കിലോ ഹെറോയിനും 100 ഗ്രാം ഒപിയവും കണ്ടെടുത്തിരുന്നു. അന്താരാഷ്ട്ര അതിർത്തി കടന്നെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഡ്രോൺ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Comments