ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥന്റെ പ്രമോഷൻ തടഞ്ഞ് ഭരണകൂടം. ഡിവൈഎസ്പി ബഷാരത് ഹുസ്സൈൻ ദാറിന്റെ പ്രമോഷനാണ് രണ്ട് വർഷത്തേക്ക് തടഞ്ഞുവെച്ചത്. ആദ്യ വിവാഹ ബന്ധം വേർപെടുത്താതെയാണ് ഇയാൾ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയത്.
ആഭ്യന്തര ചീഫ് സെക്രട്ടറി രാജ് കുമാർ ഗോയലിന്റേതാണ് നടപടി. ജമ്മു കശ്മീർ ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് ബഷാരത് ഹുസ്സൈന്റെ പ്രമോഷൻ തടഞ്ഞുവയ്ക്കാൻ തീരുമാനമായത്. ജമ്മു കശ്മീർ തൊഴിലാളി ചട്ടവും, ജമ്മു കശ്മീർ സിവിൽ സർവ്വീസ് ചട്ടവും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോഷന് പുറമേ രണ്ട് വർഷത്തെ ശമ്പള വർദ്ധനവും തടഞ്ഞുവെച്ചിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ബഷാരത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്നത് വെറും ആരോപണം മാത്രമാണെന്ന് ബഷാരത് പ്രതികരിച്ചു. ആദ്യ ഭാരയുമായുള്ള ബന്ധം നിയമ പ്രകാരം വേർപെടുത്തി. ഇതിന് ശേഷമാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്നും ബഷാരത് പറഞ്ഞു.
Comments