ജയ്പൂർ : രാജസ്ഥാനിൽ മലിനജലം കുടിച്ച് 12 കാരന് ദാരുണാന്ത്യം. 80 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം. ദിവസങ്ങളായി മലിന ജലം കുടിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവരികയാണ്.
ഷാഗഞ്ച് നിവാസിയായ 12 കാരനായ ദേവ്കുമാറാണ് മരിച്ചത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ി മരിച്ചു.
ഡിസംബർ 3 മുതൽ ബഡാപദ, കസൈബാഡ, ഷാഗഞ്ച്, ബയാനിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 86 പേരെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിച്ചതായി പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പുഷ്പേന്ദ്ര ഗുപ്ത പറഞ്ഞു. ആശുപത്രിയിലെ ശിശു വാർഡിൽ 48 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ 54 പേരെ ഡിസ്ചാർജ് ചെയ്തു. 32 പേർ ചികിത്സയിൽ തുടരുകയാണ്. 22 കുട്ടികളും ആശുപത്രിയിലുണ്ട്.
Comments