കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്ത് സിബിഐ. ബഗ്തൂയ് സ്വദേശി ജഹാംഗിർ ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. നാളിതുവരെയായി ഇയാൾ ഒളിവിലായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ജഹാംഗിറിനെ അറസ്റ്റ് ചെയ്തത്. ബിർഭൂമിൽ തൃണമൂൽ നേതാക്കൾ തമ്മിലുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട നേതാവ് ഭാദു ഷെയ്ഖിന്റെ സഹോദരനാണ് ജഹാംഗിർ. ഇതിന് ശേഷം ആളുകളെ സംഘടിപ്പിച്ചതും പ്രദേശവാസികളോട് വീടുകൾക്ക് തീയിടാൻ ആവശ്യപ്പെട്ടതും ജഹാംഗിറാണ്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഝാർഖണ്ഡ് അതിർത്തിയിൽ നിന്നാണ് ജഹാംഗിറിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ ലാലൻ ഷെയ്ഖിനെ ശനിയാഴ്ച ഝാർഖണ്ഡിലെ പാക്കുർ ജില്ലയിൽ നിന്നും പിടികൂടിയിരുന്നു. ഇയാളാണ് ജഹാംഗിറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്.
ഈ വർഷം മാർച്ച് 21 നായിരുന്നു ബിർഭൂമിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.
Comments