ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പുരോഗമിക്കവേ പാർട്ടി വിട്ട് കോൺഗ്രസ് നേതാവ്. വ്യാപാരിയും, പ്രമുഖ നേതാവുമായ റിജു ജുൻജുൻവാലയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന.
റിജു ജുൻജുൻവാല ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്ക് ജുൻജുൻവാല രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
കോൺഗ്രസിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കാൻ കഴിയുന്നില്ലെന്ന് ജുൻജുൻവാലയുടെ രാജിക്കത്തിൽ പറയുന്നു. പല മാർഗ്ഗങ്ങളിലൂടെ പാർട്ടിയെ സേവിക്കാനും ഉയർത്താനും ശ്രമിച്ചു. എന്നാൽ അതെല്ലാം വെറുതെയായി. ജനങ്ങളെ സേവിക്കാൻ തനിക്ക് ഇനിയും താത്പര്യമുണ്ട്. എന്നാൽ കോൺഗ്രസിൽ നിന്നുകൊണ്ട് ഇതിന് സാധിക്കില്ല. തന്റെ ഫൗണ്ടേഷൻ വഴി ജനങ്ങളെ സേവിക്കുന്നത് തുടരും. പാർട്ടിയുമായി ഇനി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജ്മേറിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജുൻജുൻവാല മത്സരിച്ചിട്ടുണ്ട്.
Comments