ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം നൽകിയ ജനങ്ങളെ അഭിനന്ദിച്ച് അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെയും നേതൃത്വത്തിൽ ബിജെപിക്ക് മഹത്തായ വിജയം നേടിത്തന്ന ജനങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
വനിതകളും യുവാക്കളും കർഷകരും അങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുളളവരൊക്കെ ബിജെപിക്ക് ഒപ്പമാണെന്ന് തന്നെയാണ് ഈ ജനവിധി വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. പൊളളയായ വാഗ്ദാനങ്ങളെ രാഷ്ട്രീയവൽക്കരിച്ച് വോട്ട് തേടിയവരെ തളളി വികസനത്തിനും പൊതുക്ഷേമത്തിനും പ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപെങ്ങുമില്ലാത്ത ജനവിധിയാണ് ജനങ്ങൾ സമ്മാനിച്ചിരിക്കുന്നതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
ഗുജറാത്ത് എല്ലായ്പ്പോഴും ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വികസനത്തിന്റെ എല്ലാ റെക്കോഡുകളും ഗുജറാത്തിൽ തകർക്കുകയാണ്. ഇന്ന് ഗുജറാത്തിലെ ജനങ്ങൾ വിജയത്തിന്റെ എല്ലാ റെക്കോഡുകളും ഭേദിച്ച് ബിജെപിയെ അനുഗ്രഹിച്ചിരിക്കുന്നു. അമിത് ഷാ കുറിച്ചു. മോദിയുടെ വികസന മാതൃകയോടുളള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് അവർ പ്രകടിപ്പിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments