ഡൽഹി: കോൺഗ്രസ് എന്ന പാർട്ടിയെ ആർക്കും അവസാനിപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് അറിയാം. അജണ്ട ആജ്തക് 2022-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടിയുടെ കഴിവിൽ ആത്മവിശ്വാസം ഉണ്ടെന്നും പ്രശ്നങ്ങൾ സ്വന്തമായി പരിഹരിക്കാൻ കഴിവുള്ളവരാണ് കോൺഗ്രസുകാർ എന്നും ഖാർഗെ അവകാശപ്പെട്ടു.
‘ഞങ്ങളുടെ പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പ്രാപ്തരാണ്, ഞങ്ങൾക്ക് പുറത്തുനിന്നുള്ളവരുടെ സഹായം ആവശ്യമില്ല. ഞങ്ങൾ ഇവന്റ് മാനേജ്മെന്റിൽ ഏർപ്പെടാറില്ല. വിജയിക്കുമ്പോൾ ഞങ്ങൾ വീമ്പിളക്കുന്നില്ല, ഞങ്ങൾ സന്തോഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നു. ഗുജറാത്തിലെ തോൽവിയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ വിശകലനം ചെയ്യും. പോരായ്മകൾ പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കും’.
‘കോൺഗ്രസിന്റെ സാന്നിധ്യം രാജ്യത്ത് ഒരിടത്തും കുറയുന്നില്ല. ബിജെപി ഒരിടത്തും ഒന്നാം സ്ഥാനത്തും അല്ല. ജനാധിപത്യം ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്. ജനാധിപത്യത്തിൽ നമ്പർ 1, നമ്പർ 2 പാർട്ടികൾ ഇല്ല. ആർക്കും കോൺഗ്രസിനെ അവസാനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് അതിനെപ്പറ്റി ആശങ്കയുമില്ല. ഗുജറാത്ത് മോദിയുടെയും അമിത്ഷായുടെയും നാടാണ്. അവിടെ തോൽക്കുന്നത് അവരുടെ വില ഇടിയാൻ കാരണമാകും. അതിനാൽ, അവർ താഴെത്തട്ടിൽ വരെ പോയി പ്രചാരണം നടത്തി. ഗുജറാത്തിൽ കോൺഗ്രസിന് എന്തുകൊണ്ട് സീറ്റു കിട്ടിയില്ല എന്ന് പഠിക്കാൻ ഒരു ടീമിനെ അവിടേയ്ക്ക് അയയ്ക്കും’ എന്നും ഖാർഗെ പറഞ്ഞു.
Comments