തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മാൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെടുന്നത്.
അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കാനാണ് സാദ്ധ്യത.
ഇന്നലെ വൈകീട്ട് മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴയാണ് ലഭിക്കുന്നത്. ചില ഭാഗങ്ങളിൽ തോരാതെ മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. നാളെയും മറ്റെന്നാളും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെയും മറ്റെന്നാളും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Comments