ശ്രീനഗർ: പാകിസ്താനുമായി ഇന്ത്യ സന്ധിചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. അല്ലാത്ത പക്ഷം ഇന്ത്യയിൽ ഒരിക്കലും സമാധാനം പുലരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പൊതുപരിപാടിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.
പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ഇന്ത്യ ചർച്ച ചെയ്ത് പരിഹരിക്കണം. അയൽരാജ്യവുമായി സമരസപ്പെടാതെ ഇന്ത്യയിൽ സമാധാനം പുലരില്ല. പാകിസ്താനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളാണ്. അവരുടെ പ്രശ്നങ്ങൾ അവസാനിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്ന ചിന്ത വേണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. നേരത്തെയും നിരവധി തവണ പാകിസ്താനുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഫാറൂഖ് അബ്ദുള്ള രംഗത്ത് എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കശ്മീരിലെ ജനങ്ങളെ ആണെന്നും, അതിനാൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം എന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. അതേസമയം പരാമർശത്തിൽ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments