ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിങ്ങിൽ മലയാളിയായ യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു. ആറ് വയസ്സുള്ള ആൺകുട്ടിയും നാല് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 52കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ യുവതിയുടെ ഭർത്താവാണെന്ന സൂചനയുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമില്ല.
കെറ്ററിങ്ങ് ജനറൽ ആശുപത്രിയിൽ നഴ്സാണ് കൊല്ലപ്പെട്ട യുവതി. ജോലിസമയം ആയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ ഒരു വർഷം മുൻപാണ് കണ്ണൂരിൽ നിന്ന് ബ്രിട്ടനിലെത്തിയത് എന്നാണ് വിവരം. അതേസമയം സംഭവത്തിന്റെ വിശദ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Comments