ന്യൂഡൽഹി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവായിരുന്ന ഇ അബൂബക്കറിന്റെ ഇടക്കാല ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഐഎ. അബൂബക്കർ പൂർണ ആരോഗ്യവാനാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഇടക്കാലജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് അബൂബക്കർ കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമായ സിദ്ധാർത്ഥ് മൃദുൽ, തൽവന്ദ് സിംഗ് എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുൻപാകെയാണ് അബൂബക്കറുടെ ജാമ്യാപേക്ഷ. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അക്ഷയ് മാലിക്ക് ആണ് എൻഐഎയ്‌ക്ക് വേണ്ടി അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്. കസ്റ്റഡിയിലുള്ള അബൂബക്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇതുമായി ബന്ധപ്പെട്ട് എയിംസിലെ ഡോക്ടർമാർ നൽകിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന് മികച്ച ചികിത്സയാണ് നൽകിവരുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹത്തിന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാറുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
എൻഐഎ നൽകിയ റിപ്പോർട്ടും മറ്റ് രേഖകളും കോടതി വിശദമായി പരിശോധിക്കും. ശേഷം ഈ മാസം 16 ന് അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
Comments