ജയ്പൂർ: അരുണാചൽ പ്രദേശിലും ലഡാക്ക് ഭാഗത്തും ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധിനിവേശം നടത്താനല്ല ചൈന ശ്രമിക്കുന്നത്, യുദ്ധത്തിനാണ് അവർ തയ്യാറെടുക്കുന്നത്. സർക്കാർ ഇക്കാര്യം മറച്ചു വയ്ക്കുകയാണെന്നും, താനിത് കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പറയുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
‘കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഞാൻ ആവർത്തിക്കുന്നു. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് വളരെ വ്യക്തമാണ്. എന്നാൽ ചൈനയുടെ ഭീഷണി മറച്ചു വയ്ക്കാനും അവഗണിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നതിനാൽ അവരുടെ ഭീഷണി അവഗണിക്കാനോ മറച്ചു വയ്ക്കാനോ സാധിക്കില്ല. അവരുടെ ആയുധങ്ങൾ നോക്കൂ. അവരുടെ ഒരുക്കം ഏതെങ്കിലും അധിനിവേശത്തിനല്ല, യുദ്ധത്തിന് തന്നെയാണ്’
‘ചൈനയെക്കുറിച്ച് ആരും എന്നോട് ഒരു ചോദ്യവും ചോദിക്കില്ല എന്ന് വാർത്താ സമ്മേളനത്തിന് മുമ്പ് ഞാൻ ഒരു കോൺഗ്രസ് നേതാവിനോട് പറഞ്ഞു. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, തിരഞ്ഞെടുപ്പ് എന്നിങ്ങനെ പലതിനെപ്പറ്റിയും മാദ്ധ്യമങ്ങൾ എന്നോട് ചോദിക്കും. എന്നാൽ, ചൈനയെപ്പറ്റി ചോദിക്കില്ല’ എന്നും മാദ്ധ്യമങ്ങളെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
Comments