തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വിലകൂടി. 10 മുതൽ 20 രൂപ വരെയാണ് വർദ്ധിച്ചത്. ജവാൻ മദ്യത്തിന് 10 രൂപ ഉയർന്ന് 610 രൂപയായി. എംഎച്ച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ബിയറിനും വൈനിനും നാളെ മുതൽ വിലകൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപ്പന നികുതിയിൽ നാല് ശതമാനം വർദ്ധന വരുത്തുന്ന നിയമഭേദഗതി ബില്ലിൽ ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഇന്ന് വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ വില വർധന പ്രാബല്യത്തിൽ വന്നത്.
മദ്യ കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന വിൽപ്പന നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനേ തുടർന്ന് 195 കോടിയുടെ വരുമാന നഷ്ടമാണ് ബിവറേജസ് കോർപ്പറേഷന് ഉണ്ടാവുക. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിൽപ്പന നികുതി വർദ്ധിപ്പിച്ച് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനമാണ് ബിൽ പാസാക്കിയത്.
Comments