ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ബരാമുള്ള സ്വദേശി ഇഷാഖ് ലോണാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധശേഖരം പിടിച്ചെടുത്തു.
ബരാമുള്ളയിലെ ചാക്ക്ലോയിൽ നിന്നാണ് ഇഷാഖിനെ അറസ്റ്റ് ചെയ്തത്. ബരാമുള്ളയിൽ ആക്രമണം നടത്താൻ ഭീകരർ ആസൂത്രണം നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇഷാഖിനെ പിടികൂടിയത്. രാഷ്ട്രീയ റൈഫിൾസ് 32ഉം പോലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
ഐഇഡി, പിസ്റ്റൽ, പിസ്റ്റൽ മാഗസിൻ, 18 വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ, ഇലക്ട്രിക് വയർ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിർത്തി കടന്ന് കശ്മീരിൽ എത്തുന്ന ഭീകരർക്ക് താമസമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നത് ഇഷാഖ് ആണെന്ന് പോലീസ് പറഞ്ഞു. ബരാമുള്ളയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ ആയിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഇഷാഖിനെ അറസ്റ്റ് ചെയ്തതിലൂടെ ഈ പദ്ധതിയാണ് തകർന്നത് എന്നും പോലീസ് വ്യക്തമാക്കി.
Comments